Kerala
കൊച്ചി: ഗള്ഫ് രാജ്യങ്ങളിലേക്ക് ഇറാന് ആക്രമണം തുടരുന്ന സാഹചര്യത്തില് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില് 56 വിമാന സര്വീസുകള് റദ്ദാക്കി. ഗള്ഫ് രാജ്യങ്ങളിലേക്കുള്ള 28 സര്വീസുകളും കൊച്ചിയിലേക്കുള്ള 28 സര്വീസുകളുമാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്. കൊച്ചിയില് നിന്നും 17 സര്വീസുകള് ഇന്ന് ഗള്ഫ് രാജ്യങ്ങളിലേക്ക് നടക്കും.
27 വിമാനങ്ങള് കൊച്ചി വിമാനത്താവളത്തിലേക്ക് എത്തും. ദോഹയിലേക്കുള്ള ഏഴു സര്വീസുകളും ദോഹയില് നിന്നുള്ള ഏഴു സര്വീസുകളും റദ്ദാക്കിയിട്ടുണ്ട്. ബഹ്റൈന്, ദമാം എന്നീ രാജ്യങ്ങളിലേക്കും സര്വീസ് നടക്കുന്നില്ല. കുവൈറ്റിലേക്കുള്ള ഫ്ലൈറ്റുകള് റദ്ദു ചെയ്തെങ്കിലും കുവൈറ്റില് നിന്നും ഒരു വിമാനം കൊച്ചിയില് എത്തും.
ദുബായ്-കൊച്ചി റൂട്ടില് അങ്ങോട്ടും ഇങ്ങോട്ടുമായി എട്ട് സര്വീസുകള് നടക്കും. എട്ടു സര്വീസുകള് റദ്ദു ചെയ്തിട്ടുണ്ട്. ജിദ്ദ, അബുദാബി, മസ്കറ്റ്, റാസല്ഖൈമ, റിയാദ് തുടങ്ങിയ രാജ്യങ്ങളിലേക്ക് സര്വീസ് നടക്കും. ഈ രാജ്യങ്ങളില് നിന്നുള്ള വിമാനങ്ങള് കൊച്ചിയിലെത്തും. എന്നാല് ചിലത് റദ്ദാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വിദേശ വിമാന സർവീസ് നിർത്തലാക്കലും ഉത്സവ സീസണുകളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തലും നടത്തി വിദേശ മലയാളികളെ ബുദ്ധിമുട്ടിക്കുകുയാണെന്നും വിമാനക്കന്പനികളെ നിലയ്ക്കു നിർത്തണമെന്ന് ആവശ്യപ്പെട്ടു വീണ്ടും കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
മുന്നറിയിപ്പില്ലാതെ വിമാന സർവീസുകൾ നിർത്തലാക്കുന്നതും ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വർധിപ്പിക്കുന്നതും തടയാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരളം വീണ്ടും ആവശ്യപ്പെടണമെന്ന നിർദേശവുമായുള്ള കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
വിമാനക്കന്പനികളുടെ കൊള്ള തടയാൻ ചാർട്ടേഡ് ഫ്ളൈറ്റുകൾ അടക്കമുള്ള ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള കേരളത്തിന്റെ ശ്രമങ്ങൾ വിജയിച്ചിട്ടില്ല. കോഴിക്കോട് വിമാനത്താവള വികസനത്തിന് ഒട്ടേറെ പരിമിതികൾ നിലനിൽക്കുന്നുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും സഭയിൽ അറിയിച്ചു.
International
ന്യൂയോർക്ക്: കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ യുഎസിൽ വ്യാപകമായി വിമാന സർവീസുകൾ റദ്ദാക്കി. ശീതക്കാറ്റ് വീശുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ശനി, ഞായർ ദിവസങ്ങളിൽ അമേരിക്കയിൽ നിന്ന് പുറപ്പെടാനിരുന്ന വിമാന സർവീസുകൾ റദ്ദാക്കിയത്.
8,400 വിമാന സർവീസുകളാണ് യുഎസ് റദ്ദാക്കിയത്. ന്യൂ മെക്സിക്കോ മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളിലെ 14 കോടിയോളം ജനങ്ങളെ ശീതക്കാറ്റ് ബാധിക്കുമെന്നാണ് വിലയിരുത്തൽ. രക്ഷാപ്രവർത്തനത്തിനായി 30ഓളം സംഘങ്ങളെ ഫെഡറൽ സർക്കാർ തയാറാക്കിയിട്ടുണ്ട്.
ഒഹായോ, മിനസോട്ട, മിഷിഗൺ, ഇലിനോയ് തുടങ്ങി അമേരിക്കയുടെ വടക്ക്-മധ്യ ഭാഗങ്ങളിലെ 12-ഓളം സംസ്ഥാനങ്ങളിൽ മൈനസ് 40 ഡിഗ്രി സെൽഷ്യസാണ് നിലവിലെ താപനില. കാലാവസ്ഥ പ്രതിസന്ധിയെ തുടർന്ന് പള്ളികൾ ഞായറാഴ്ച പ്രാർഥനകൾ ഓൺലൈനാക്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയ സംഭവത്തിൽ ഇൻഡിഗോയ്ക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. 2025 ഡിസംബറില് ആയിരുന്നു രാജ്യത്ത് വ്യാപകമായി ഇൻഡിഗോ വിമാന സർവീസുകൾ തടസപ്പെട്ടത്.
ഇൻഡിഗോയ്ക്കെതിരെ ഗുരുതരമായ ആസൂത്രണ, പ്രവർത്തന, നിയന്ത്രണ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡിജിസിഎ 22.20 കോടി രൂപ പിഴ ചുമത്തുകയും മാനേജ്മെന്റിനെതിരെ കർശനമായ എൻഫോഴ്സ്മെന്റ് നടപടി സ്വീകരിക്കുകയും ചെയ്തു.
ഡിസംബർ മൂന്നിനും അഞ്ചിനും ഇടയിലാണ് വ്യാപകമായി ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയത്.ഈ കാലയളവിൽ ഇൻഡിഗോയുടെ 2,507 വിമാന സർവീസുകൾ റദ്ദാക്കുകയും 1,852 വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു.
3,000,00ൽ അധികം യാത്രക്കാരെ സർവീസുകൾ തടസപ്പെട്ടത് ബാധിച്ചിരുന്നു. ഡിജിസിഎയുടെ ഉത്തരവുകൾ ലഭിച്ചതായും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ഇൻഡിഗോയുടെ ഉടമസ്ഥതയിലുള്ള ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് അറിയിച്ചു.
National
ന്യൂഡൽഹി: വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് പ്രതിസന്ധിയിലായ യാത്രക്കാർക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന സർവീസ് പ്രതിസന്ധികളിൽ വലഞ്ഞ യാത്രക്കാര്ക്കാണ് ആശ്വാസ പ്രഖ്യാപനം.
ബുദ്ധിമുട്ടനുഭവിച്ച യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ സൗജന്യമായി നൽകുമെന്നാണ് ഇൻഡിഗോ എയർലൈൻസിന്റെ പ്രഖ്യാപനം. യാത്രാ വൗച്ചറുകൾ ഡിസംബർ 3 മുതൽ 5 വരെ യാത്ര ചെയ്തവർക്ക് മാത്രമായിരിക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചിട്ടുണ്ട്.
കോക്ക്പിറ്റ് ജീവനക്കാരുടെ കുറവ് കാരണം പ്രതിസന്ധി ഉണ്ടായതായി കമ്പനി വ്യക്തമാക്കി. ബുദ്ധിമുട്ടനുഭവിച്ച ഉപഭോക്താക്കൾക്ക് യാത്രാ വൗച്ചറുകൾ നൽകുമെന്നും ഈ വൗച്ചറുകൾ അടുത്ത 12 മാസത്തേക്ക് ഇൻഡിഗോയുടെ ഏത് യാത്രയ്ക്കും ഉപയോഗിക്കാവുന്നതാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ തടസപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി. സർവീസുകളുടെ പ്രതിസന്ധി രൂക്ഷമാകും വരെ കേന്ദ്രസർക്കാർ ഇടപെടാൻ വൈകിയതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.
വിമാന സർവീസുകളുടെ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കില്ലേ എന്നും കോടതി ആരാഞ്ഞു. മറ്റ് വിമാന സർവീസുകൾക്ക് 40,000 രൂപ വരെ ടിക്കറ്റ് നിരക്ക് ഈടാക്കിയതെങ്ങനെയെന്നും കോടതി ചോദിച്ചു.
യാത്രക്കാർക്ക് പണം തിരിച്ചു നൽകുന്ന നടപടി കാര്യക്ഷമമാക്കണമെന്നും നഷ്ടപരിഹാരത്തിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇടപെടണമെന്നും കോടതി അറിയിച്ചു. സർവീസുകളുടെ പ്രതിസന്ധിയിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണങ്ങൾ.
Business
നെടുമ്പാശേരി: താളംതെറ്റിക്കൊണ്ടിരിക്കുന്ന ഇൻഡിഗോ വിമാന സർവീസുകൾ കഴിഞ്ഞ ഒരാഴ്ചയായി നെടുമ്പാശേരിയിൽ യാത്രക്കാരെ വലയ്ക്കുന്നു.
ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത് ശബരിമല തീർഥാടകരാണ്. യാത്രക്കാർക്ക് മുൻകൂട്ടി വിവരങ്ങൾ ലഭിക്കുന്നില്ലെന്നതാണു പ്രധാന പരാതി . ബദൽ സംവിധാനത്തെ സംബന്ധിച്ച് ഉറപ്പും ലഭിക്കുന്നില്ല .
പല വിമാനങ്ങളും എട്ടുമുതൽ 15 വരെ മണിക്കൂർ വരെ വൈകിയാണ് എത്തുന്നത്. നൂറുകണക്കിന് യാത്രക്കാർ വിമാനത്താവളത്തിൽ തങ്ങുന്നുണ്ട്.
ഒരോ ദിവസവും നാളെമുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് യാത്രക്കാർക്ക് ആവർത്തിച്ചുലഭിക്കുന്ന മറുപടി. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വർ, പൂന, ജയ്പുർ, ലക്നോ, പാറ്റ്ന, റായ്പുർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്.
National
ന്യൂഡൽഹി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ ഇന്ത്യയിലേക്ക് നീങ്ങിയ ചാരവും കരിമേഘപടലവും ചൈനീസ് ഭാഗത്തേക്ക് നീങ്ങി. ഇതോടെ രാജ്യത്തെ വിമാന സർവീസുകൾക്ക് ഉൾപ്പെടെ വലിയ ആശ്വാസമായിട്ടുണ്ട്.
അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ ചാരവും കരിമേഘപടലവും ഹരിയാന, ഡൽഹി, യുപി എന്നിവിടങ്ങളിലേക്ക് എത്തിയിരുന്നു. തുടർന്ന് കൊച്ചിയിലേക്ക് ഉൾപ്പെടെയുള്ള വിവിധ വിമാന സർവീസുകളും ഇക്കാരണത്താൽ റദ്ദാക്കിയിരുന്നു.
എന്നാൽ രാജ്യത്തിന് ആശ്വാസമായി ചാരവും കരിമേഘപടലവും ചൈനീസ് ഭാഗത്തേക്ക് നീങ്ങിയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഡിജിസിഎയുടെ ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.
ആശങ്കപ്പെടാനില്ലെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഡൽഹിയിലെ വായു മലിനീകരണത്തെ ചാരം ബാധിച്ചിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
National
ന്യൂഡൽഹി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ കൊച്ചിയിലേക്ക് ഉൾപ്പെടെയുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കി. സ്ഫോടനത്തിന് പിന്നാലെ രൂപപ്പെട്ട കരിമേഘ പടലം ഉത്തരേന്ത്യയിലേക്ക് നീങ്ങുന്നതിനാലാണ് നടപടി.
കരിമേഘ പടലം വിമാന സർവീസുകൾക്ക് തടസം സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹെയ്ലി ഗുബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്.
അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ അന്തരീക്ഷത്തിലേക്കുയർന്ന കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ നിന്ന് കരിമേഘ പടലം ഹരിയാന, ഡൽഹി, യുപി എന്നിവിടങ്ങളിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
Kerala
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തു നിന്ന് ബഹ്റൈനിലെയ്ക്കുള്ള ഗൾഫ് എയർ വിമാനസർവീസുകളുടെ എണ്ണം നാലിൽ നിന്ന് ഏഴ് ആയി വർധിപ്പിച്ചു. ഇന്ന് മുതലാണ് വർധന.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി മുതൽ രണ്ട് സർവീസുകൾ ഉണ്ടാകും. ബുധൻ, വ്യാഴം, ശനി ദിവങ്ങളിലാണ് മറ്റു സർവീസുകൾ.
തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ വർധിപ്പിച്ചത്.
Kerala
തിരുവനന്തപുരം: ഖത്തറിൽ ഇറാൻ വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് പ്രതിസന്ധിയിലായ വ്യോമഗതാഗതം സാധാരണ നിലയിലായി. ഇന്നലെ പകൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്തേണ്ട എല്ലാ വിമാനങ്ങളും ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തിയതായി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച്ച രാത്രിയിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കറ്റ്, ഷാർജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
തിങ്കളാഴ്ച രാത്രി പോകേണ്ടിയിരുന്ന ജസീറ എയർവേയ്സ് കുവൈറ്റിലേക്കുള്ള സർവീസും ഗൾഫ് എയറിന്റെ ബഹ്റിനിലേക്കുള്ള സർവീസും സമയക്രമത്തിൽ മാറ്റം വരുത്തിയിരുന്നു.
Kerala
തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: ഖത്തറിലെ യുഎസ് സേനാതാവളത്തില് ഇറാന് മിസൈല് ആക്രമണം നടത്തിയതിനെത്തുടര്ന്ന് കേരളത്തില്നിന്നു ഗള്ഫ് രാജ്യങ്ങളിലേക്കുള്ള എയര് ഇന്ത്യ എക്സ്പ്രസിന്റെ വിമാന സര്വീസുകള് റദ്ദാക്കി.
യാത്രക്കാര് വിമാനത്താവളങ്ങളില് കുടുങ്ങി. നാട്ടിലെത്തി തിരിച്ചുപോകുന്നവരും ജോലിക്കായി പോകുന്നവരുമെല്ലാം വിമാനത്താവളങ്ങളില് കുടുങ്ങിയവരില് ഉള്പ്പെടും. മിക്ക യാത്രക്കാരും വിമാനത്താവളത്തില് എത്തിയശേഷമാണു വിമാനങ്ങള് റദ്ദാക്കിയ വിവരം അറിയുന്നത്. കരിപ്പൂരില്നിന്നു പുറപ്പെടുന്ന ഗള്ഫ് രാജ്യങ്ങളിലേക്കുള്ള പതിനാറു വിമാനങ്ങളും ഇവിടേക്കു വരേണ്ട പതിനാലു വിമാനങ്ങളും റദ്ദാക്കി. ഷാര്ജ, ദമാം, അബുദാബി, ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള എയര് ഇന്ത്യ എക്സ്പ്രസിന്റെ വിമാന സര്വീസുകളാണ് പ്രധാനമായും നിര്ത്തിവച്ചിട്ടുള്ളത്. യാത്രക്കാരുടെ സേവനത്തിനായി വിമാനത്താവളത്തില് പ്രത്യേക കൗണ്ടറുകള് തുറന്നിട്ടുണ്ട്.
ഗള്ഫ് സര്വീസുകള്ക്കുപുറമേ ബംഗളുരു, മുംബൈ എന്നിവടങ്ങളിലേക്കുള്ള എയര് ഇന്ത്യയുടെ സര്വീസുകളും റദ്ദാക്കിയതില്പെടും. ദോഹ, ഷാര്ജ. അബുദാബി, ദമാം, മസ്കറ്റ്, ജിദ്ദ, ദുബായ് എന്നിവടങ്ങളില്നിന്നു കരിപ്പൂരിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയതില് പ്രധാനം.
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള 17 സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ആക്രമണഭീഷണി ഒഴിഞ്ഞതിനെത്തുടർന്ന് സർവീസുകൾ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. എയർ ഇന്ത്യയുടെ കൊച്ചി - ദോഹ, കൊച്ചി - ദുബായ്, ദുബായ് - കൊച്ചി, എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈറ്റ് - കൊച്ചി, കൊച്ചി - മസ്കറ്റ്, ദോഹ - കൊച്ചി, കൊച്ചി - ദോഹ, മസ്കറ്റ് - കൊച്ചി, കൊച്ചി - കുവൈറ്റ്, സ്പൈസ് ജെറ്റിന്റെ കൊച്ചി - ദുബായ്, ദുബായ് - കൊച്ചി, ഇൻഡിഗോ എയർലൈൻസിന്റെ കൊച്ചി - അബുദാബി, കൊച്ചി - റാസൽഖൈമ, അബുദാബി - കൊച്ചി, കൊച്ചി - മസ്കറ്റ്, മസ്കറ്റ് - കൊച്ചി, ബഹറിൻ - കൊച്ചി - ദമാം വിമാനങ്ങളാണു സർവീസ് റദ്ദാക്കിയത്.